Sunday, August 10, 2014

പ്ലസ് വണ്‍ : പുതിയ സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനം

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ അനുവദിച്ച 131 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കോഴ്‌സുകളിലേക്കും എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍സെക്കണ്ടറി സ്‌കൂളുകളാക്കിയ 95 സ്‌കൂളുകളില്‍ അനുവദിച്ച 143 കോഴ്‌സുകളിലേക്കും നിലവിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട 426 അധിക ബാച്ചുകളിലേക്കും ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ആഗസ്റ്റ് 11ന് ആരംഭിക്കും. പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്നതിന് അതത് സ്‌കൂളുകളില്‍ നേരിട്ട് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. 2014-15 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസിലെ സംവരണ, യോഗ്യതാ, മെരിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനം. നിലവിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട അധിക ബാച്ചുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിനുള്ള അവസരമായിരിക്കും ആദ്യം നല്‍കുക. തുടര്‍ന്നുള്ള വേക്കന്‍സി നികത്തുന്നതിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിക്കും. പുതിയ സ്‌കൂളുകളിലും അധിക ബാച്ചുകളിലും പ്രവേശനം നേടുന്നവര്‍ക്ക് ക്ലാസുകള്‍ ആഗസ്റ്റ് 20ന് ആരംഭിക്കും. പുതുതായി ഹയര്‍സെക്കണ്ടറി അനുവദിച്ച സ്‌കൂളുകളിലും അധിക ബാച്ചുകള്‍ അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ അതത് റീജിയണല്‍ ഡയറക്ടര്‍ മുഖേന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍/ പ്രിന്‍സിപ്പാളിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ നിശ്ചിത മാതൃകയില്‍ ആഗസ്റ്റ് 16-ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഡൗണ്‍ലോഡ്സില്‍..

No comments:

Post a Comment